BODHI DHARMAN (ബോധി ധർമ്മൻ)


അഞ്ചാം നൂറ്റാണ്ടിലോ/ആറാം നൂറ്റാണ്ടിലോ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന ഒരു ബുദ്ധ സന്യാസിയായിരുന്നു ബോധിധർമ്മൻ. ചൈനയിൽ സെൻ മതം ആരംഭിച്ചതും പ്രചരിപ്പിച്ചതും ഇദ്ദേഹമാണെന്ന് വിശ്വസിക്കപ്പെടുന്നു. പല്ലവ രാജവംശത്തിലെ മൂന്നാമത്തെ രാജകുമാരനായിരുന്നു ഇദ്ദേഹം. ചൈനീസ് വിശ്വാസപ്രകാരം ഷാഓലിൻ കുങ് ഫൂ ആരംഭിച്ചതും പ്രചരിപ്പിച്ചതും ബോധി ധർമ്മനാണ്.
ഇദ്ദേഹത്തിന്റെ ജീവചരിത്രത്തെക്കുറിച്ച് വിരുദ്ധസ്വഭാവമുള്ള നിരവധി വിവരങ്ങൾ പ്രചാരത്തിലുണ്ട്. അതിലൊന്ന് ഇദ്ദേഹം തെക്കേ ഇന്ത്യയിലെ രാജവംശത്തിൽ പെടുന്ന ഒരു ബ്രാഹ്മണനായിരുന്നുവെന്നതാണ്. പക്ഷേ, ബ്രൗട്ടൻ (1999:2) രേഖപ്പെടുത്തുന്നത് രാജകുടുംബത്തിലായിരിന്നതു കൊണ്ടു തന്നെ, ഇന്ത്യൻ ജാതി വ്യവസ്ഥ പ്രകാരം ബ്രാഹ്മണനാകാൻ സാദ്ധ്യതയില്ലെന്നും ക്ഷത്രിയനാകാനാണു സാദ്ധ്യതയെന്നുമാണ്. ഇദ്ദേഹത്തിന്റെ ജന്മസ്ഥലത്തെക്കുറിച്ചും വിവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ജന്മസ്ഥലം തമിഴ്‌നാട്ടിലെ കാഞ്ചീപുരമാണെന്നതാണ് ഇതിൽ പ്രബലമായൊരു വാദം. ഇതോടൊപ്പം തന്നെ ബോധിധർമ്മനെ കേരളവുമായി ബന്ധപ്പെടുത്തിയുള്ള വാദങ്ങളും നിലവിലുണ്ട്. ഒരു കാലത്ത് കേരളത്തിൽ ബുദ്ധമതത്തിന് ഉണ്ടായിരുന്ന സ്വാധീനവും ഇവിടുത്തെ തനതു ആയോധനകലയായ കളരിപ്പയറ്റിലെയും ഇദ്ദേഹം സ്ഥാപിച്ചതായി കരുതപ്പെടുന്ന ഷാഓലിൻ കുങ് ഫൂവിലെയും ആയോധനാ സമ്പ്രദായങ്ങൾ തമ്മിലുള്ള സാദൃശ്യങ്ങളും ഈ വാദങ്ങൾക്ക് ഉപോദ്‌ബലങ്ങളാകുന്നു.

You Might Also Like

0 comments